സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായാണ് ദുൽഖർ സൽമാൻ എത്തിയത്. ദുൽഖർ തന്നെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുറന്ന ജീപ്പിൽ എത്തിയ താരം പതാകയും ഉയർത്തി.
തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രമെന്ന് പറയുന്നത് ഹൈദരാബാദിലെ ജൂബിലി ഹിൽസ് ആണ്. നിരവധി താരങ്ങൾ ഇവിടെ ഉണ്ടായിട്ടും ദുൽഖറിന് ലഭിച്ച ക്ഷണം മലയാളികൾക്കും അഭിമാനമാണ്. വെള്ള കുർത്തയും പാന്റും അണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വിഡിയോ ലൈക്കും ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.
കഴിഞ്ഞയിടെ ആയിരുന്നു ദുൽഖർ നായകനായ രണ്ടാമത്തെ തെലുങ്കുചിത്രം സിതാരാമം റിലീസ് ചെയ്തത്. തെലുങ്ക് കൂടാതെ മലയാളം, തമിഴ് ഭാഷകളിലും സിതാരാമം എത്തിയിരുന്നു. സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ചു മലയാളത്തിന്റെ പ്രിയ താരം. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫിസ് കളക്ഷന്‍ അന്‍പത് കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി നേടുന്നത് ഇത് ആദ്യമാണ്. സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ മേഖലയില്‍ ഇടം ഉറപ്പിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.