അഡ്വാന്‍സ് ബുക്കിംഗില്‍ സമീപകാല ബോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടി പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’. ഇതുവരെ 1,25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദ, ആലിയ ഭട്ട് നായികയായി എത്തിയ ഗംഗുഭായ് കാത്തിയവാഡി, രണ്‍ബീര്‍ കപൂറിന്റെ ഷംഷേര, അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളെയാണ് ദുല്‍ഖറിന്റെ ചുപ് തകര്‍ത്തത്.
ലാല്‍ സിംഗ് ഛദ്ദയുടെ അഡ്വാന്‍സ് ബുക്കിംഗ് 63,000 ആയിരുന്നു. ഗംഗുഭായിയുടേത് 56,000, ഷംഷേര 46,000 ആയിരുന്നെങ്കില്‍ സാമ്രാട്ട് പൃഥ്വിരാജിന്റേത് 41,000. ഇതിനെ മറികടന്നാണ് ദുല്‍ഖറിന്റെ ചുപിന്റെ തേരോട്ടം. നാളെയാണ് ചുപ് തീയറ്ററുകളില്‍ എത്തുക. റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ചുപിന്റെ പ്രിവ്യൂ ഷോ നടത്തിയത് ഏറെ പ്രശംസ നേടിയിരുന്നു. പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ആര് ബാല്‍കിയാണ് ചുപ് സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോള്‍, പൂജഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.