നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി. രമയെ അനുസ്മരിച്ച് നടന് ഇടവേള ബാബു. ജഗദീഷിന്റെ ഭാര്യ എന്നതിലുപരി രമയുമായി വ്യക്തിബന്ധമുണ്ടായിരുന്നതായി ഇടവേള ബാബു പറഞ്ഞു. തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നു രമചേച്ചി. തന്റെ അമ്മാവന്റെ വിദ്യാര്‍ത്ഥിയായിരുന്ന രമചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നുവെന്നും ഇടവേള ബാബു ഓര്‍ക്കുന്നു.
സഹപ്രവര്‍ത്തകര്‍ക്ക് എന്ത് ആവശ്യം വന്നാലും ചേച്ചി സഹായിച്ചിരുന്നു കലാഭവന്‍ മണി അന്തരിച്ചപ്പോള്‍ ആലപ്പുഴയിലോ, തൃശൂരോ മെഡിക്കല്‍ കോളജില്‍ വച്ചോ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന അവസ്ഥ വന്നു. സഹായത്തിനായി രമചേച്ചിയെ ആണ് വിളിച്ചത്. ചേച്ചിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സൗകര്യം ഒരുക്കി തന്നത്. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചിയെന്നും ഇടവേള ബാബു പറഞ്ഞു.
ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു ചേച്ചി. ഒന്നരവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാള് പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.