പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന് (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ഇത് കൂടാതെ പന്ത്രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു.
1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായിട്ടാണ് പ്രതാപ് പോത്തന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഊട്ടിയിലെ ലോറന്‍സ് സ്കൂളിലായിരുന്നു. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളജ് പഠനകാലത്ത് പ്രതാപ് പോത്തന് സുഹൃത്തുക്കളോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം 1971- ല്‍ മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി പ്രതാപ് പോത്തന് ചേര്‍ന്നു. പിന്നീട് പല കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു. അതിനുശേഷമാണ് സിനിമയിലേക്കെത്തുന്നത്.
മദ്രാസ് പ്ലേയേര്‍സ് എന്ന തീയറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതന് തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 1979-ല്‍ ഭരതന്റെ തകര, 1980-ല്‍ ഭരതന്റെ തന്നെ ചാമരം എന്നീ സിനിമകളില്‍ പ്രതാപ് പോത്തന് നായകനായി. നെഞ്ചത്തെ കിള്ളാതെ, പന്നീര് പുഷ്പങ്ങള്‍, മൂഡുപനി, വരുമയിന്‍ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി.
കുറച്ചുകാലം സിനിമയില്‍ നിന്നും മാറി ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീന്‍ ആപ്പിള്‍ എന്ന സ്വന്തം പരസ്യ കമ്പനിയില്‍ സജീവമാണ്. എം ആര് എഫ്, നിപ്പോ തുടങ്ങിയ വലിയ കമ്പനികള്‍ക്ക് വേണ്ടി സച്ചിന് തെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവരുടെ പരസ്യ സംവിധായകനായി. 1997-ല്‍ തേടിനേന്‍ വന്തത് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ശേഷം അദ്ദേഹം നീണ്ട ഇടവേള എടുത്തു. പിന്നീട് 2005- ല്‍ തന്മാത്രയില് അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ തിരിച്ചുവരുന്നത്. അതിനുശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 22 ഫീമെയില്‍ കോട്ടയം, അയാള്‍ ഞാനല്ല, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എടുത്തുപറയേണ്ടതാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.