രണ്ടാമതും അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെൺകുഞ്ഞിന് ജന്മം നൽകി. എറണാകുളത്തെ അമൃത ആശുപത്രിയിൽ ആയിരുന്നു കുഞ്ഞിന്റെ ജനനം. മൂത്ത മകൾ ദീപ്തയ്ക്കും രണ്ടാമത്തെ കുഞ്ഞിനും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചാണ് പക്രു സന്തോഷവാർത്ത അറിയിച്ചത്.
ചേച്ചിയമ്മ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പക്രു പങ്കുവെച്ചിരിക്കുന്നത്. ഒരു കുഞ്ഞുമകൾ കൂടി ഉണ്ടായി എന്ന സന്തോഷം പങ്കുവെക്കുന്നതിനൊപ്പം അമൃത ആശുപത്രിക്കും ഡോക്ടർ രാധാമണിക്കും നന്ദി അറിയിക്കുന്നു താരം.
നിരവധി പേരാണ് പക്രുവിന് അഭിനന്ദനങ്ങളുമായി കമന്റ് ബോക്സിൽ എത്തിയത്. 2006 മാർച്ചിൽ ആയിരുന്നു ഗായത്രി മോഹനും ഗിന്നസ് പക്രുവും വിവാഹിതരായത്. അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെ 1984ലാണ് പക്രു അഭിനയരംഗത്തേക്ക് എത്തിയത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ഗിന്നസ് പക്രുവിന്റെ പേരിലുണ്ട്.