ഒരു മാസം മുമ്പാണ് നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി പീഡന പരാതി നൽകിയത്. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും വിജയ് ബാബുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നടി പരാതി നൽകിയതിനു പിന്നാലെ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ലൈവിൽ വന്നിരുന്നു. ഇതിനെതിരെയും വിജയ് ബാബുവിന് എതിരെ പരാതി എടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്തായാലും പരാതി ലഭിച്ച് മാസം ഒന്നായിട്ടും വിജയ് ബാബുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസുമായി വിജയ് ബാബു സഹകരിക്കാത്ത സാഹചര്യത്തിൽ രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകുമെന്നും പക്ഷേ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായേ പറ്റൂവെന്നുമാണ് ഹരീഷ് പേരടി പരിഹസിക്കുന്നത്.
ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും. പക്ഷേ, മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായേ പറ്റു. കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല. A.M.M.A ഡാ… സംഘടന..ഡാ.. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്… ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവ് അറിഞ്ഞവരും വളർത്തുനോവ് അറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക…’
നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് വിജയ് ബാബു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് നിലവിൽ തടസമില്ലെന്ന് കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കുറ്റവാളികളെ കൈമാറാൻ ധാരണ ഇല്ലാത്തിടത്തും റെഡ് കോർണർ നോട്ടീസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.