രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കാനുള്ള സന്നദ്ധതയറിയിച്ച് നടന് ഹരീഷ് പേരടി രംഗത്തെത്തിയത്. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് ഹരീഷ് പേരടി തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴിതാ താന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഹരീഷ് പേരടി. രാജിക്കത്ത് അയച്ചെങ്കിലും സംഘടന പ്രസിഡന്റോ സെക്രട്ടറിയോ വിളിച്ചില്ല. സുരേഷ് ഗോപി മാത്രമാണ് വിളിച്ചതെന്നും ഹരീഷ് പറഞ്ഞു.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ പലപ്പോഴും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം തന്നോട് പറഞ്ഞത്’ നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്’ എന്നാണ്.
സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണമെന്നും പറഞ്ഞു. ഇനി അതിനുള്ളില്‍ നില്ക്കുന്നതില് ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂര്‍വ്വം താന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. പല സൂപ്പര്‍ നടന്മാര്ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് താന്‍ നന്ദിയുള്ളവനാണ്. ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവുമെന്നും രാജിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഹരീഷ് പേരടി പറഞ്ഞു.
അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന് അധ്യക്ഷയായ ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്, കുക്കു പരമേശ്വരന്, മാലാ പാര്‍വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചിരുന്നു. വിജയ് ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടിയെച്ചൊല്ലി സംഘടനയില്‍ അഭിപ്രായവ്യത്യാസം പുകയുകയാണ്.