നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി പരാതി നൽകിയിട്ടും നടനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത താരസംഘടനയായ അമ്മയ്ക്കെതിരെ നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്മയുടെ നിലപാടിന് എതിരെ ഹരീഷ് പേരടി രംഗത്തെത്തിയത്. പൊതുസമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നെന്ന് അദ്ദേഹം കുറിച്ചു. അമ്മയിലെ പ്രാഥമിക അംഗത്വത്തിനായി താൻ അടച്ച ഒരു ലക്ഷം രൂപ തനിക്ക് തിരിച്ചു തരേണ്ടെന്നും നടൻ പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി… മറ്റ് അംഗങ്ങളെ… പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു… എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട… ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു… സ്നേഹപൂർവ്വം ഹരീഷ്പേരടി.’ – അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.
വിജയ് ബാബുവിനെ എതിരെ യുവനടി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ താരസംഘടനയായ അമ്മ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് നടി മാല പാര്‍വതി അമ്മ സംഘടനയിലെ പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതിനാലാണ് രാജി സമര്‍പ്പിക്കുന്നതെന്നും മാല പാര്‍വതി പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ശ്വേതാ മേനോനും കുക്കു പരമേശ്വരനും അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലിൽ നിന്ന് രാജി വെച്ചിരുന്നു. പ്രതിഷേധിച്ച് രാജിവെച്ച താരങ്ങളെ അഭിന്ദിച്ച് ഹരീഷ് പേരടി പോസ്റ്റ് പങ്കുവെച്ചിരുന്നു. കൊച്ചിയിൽ ചേർന്ന അമ്മയുടെ നിർവാഹക സമിതി യോഗത്തിൽ വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്വയം മാറിനിൽക്കാമെന്ന അദ്ദേഹത്തിന്റെ കത്ത് യോഗം അംഗീകരിക്കുകയായിരുന്നു.