വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച് പതിനൊന്നിന് പ്രേക്ഷകരിലേക്കെത്തുകയാണ്. റോഷന് മാത്യു, ഇന്ദ്രജിത്ത് സുകുമാരന്‍, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഇപ്പോഴിതാ നൈറ്റ് ഡ്രൈവിനിടെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ സംഭവം പറയുകയാണ് നടന് ഇന്ദ്രജിത്ത്. നൈറ്റ് ഡ്രൈവിന്റെ പ്രൊമോഷനിടെയാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്.
സുഹൃത്തിനൊപ്പം ബംഗളൂരുവില്‍ നിന്ന് തിരിച്ചുവന്നപ്പോഴുള്ള സംഭവമാണ് ഇന്ദ്രജിത്ത് പറഞ്ഞത്. സേലത്തിനടുത്ത് എത്തിയപ്പോള്‍ അല്‍പ്പം ഇരുട്ടുള്ള ഒരിടത്ത് ബൈക്ക് നിര്‍ത്തി. പിന്നിലായി വരുന്ന മേക്കപ്പ്മാന്റെ ബൈക്ക് വരാന്‍ കാത്തുനില്‍ക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി ആറ് പേര് തങ്ങളുടെ അടുത്തേയ്ക്ക് വന്നു. തനിക്കെന്തോ പന്തികേടു തോന്നി സുഹൃത്തിനോട് പെട്ടെന്ന് വണ്ടിയെടുക്കാന്‍ പറഞ്ഞു. തങ്ങള്‍ രണ്ട് പേരും വേഗത്തില്‍ വാഹനം ഓടിച്ചു പോന്നു. കുറച്ചു നേരം അവര്‍ തങ്ങളെ പിന്തുടര്ന്നു. പിന്നീട് അവര്‍ അപ്രത്യക്ഷമായി. അവരുടെ ഉദ്ദേശമെന്തെന്നറിയില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നൈറ്റ് ഡ്രൈവ് ചെയ്യുന്ന സുഹൃത്തുക്കളോട് ശ്രദ്ധിക്കണമെന്ന് പറയാറുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
മധുരരാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. കഡാവര്‍, പത്താം വളവ് എന്നീ ചിത്രങ്ങള്‍ രചിച്ച അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, സിദ്ദീഖ്, മുത്തുമണി, കൈലാസ, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ എസ് പിള്ളയാണ് എഡിറ്റിംഗ്. രഞ്ജിന് രാജ് ആണ് സംഗീതം.