മലയാളി സിനിമാപ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻമാരിൽ ഒരാളാണ് ഇന്നസെന്റ്. ഇന്നസെന്റ് കൈകാര്യം ചെയ്ത ഹാസ്യവേഷങ്ങൾ ഇന്നും ആരാധകരുടെ മനസിൽ മായാതെ ഉണ്ട്. നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവ് എന്ന നിലയിലും ഇന്നസെന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടു തവണ കാൻസർ രോഗം ബാധിച്ചെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഇപ്പോഴും സിനിമാലോകത്ത് ശക്തമായ സാന്നിധ്യമായി നില കൊള്ളുകയാണ് ഇന്നസെന്റ്. ഇടയ്ക്ക് രാഷ്ട്രീയത്തിലും സജീവമായിരുന്നു അദ്ദേഹം. ഇപ്പോൾ തന്റെ സിനിമാജീവിതത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ഇന്നസെന്റ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്നസെന്റ് പണ്ടു കാലത്തെ ചില സിനിമ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെച്ചത്.
‘ഇന്നസെന്റ് കഥകൾ’ എന്ന പേരിൽ വരുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് നടൻ മാമുക്കോയ തനിക്ക് നൽകിയ എട്ടിന്റെ പണിയെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. എന്നാൽ, മാമുക്കോയയ്ക്ക് ഇതിനെക്കുറിച്ച് യാതൊരുവിധ ധാരണയും ഉണ്ടായിരുന്നില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ചെന്നൈയിലെ എ വി എം സ്റ്റുഡിയോയിൽ വെച്ചായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെ, പ്രിയദർശൻ സംവിധാനം ചെയ്ത ഒരു സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയിലെ എ വി എം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ താൻ അഭിനയിക്കുന്നത്. സെറ്റിലെ മേക്കപ്പ് റൂമിൽ രാവിലെ മേക്കപ്പ് ചെയ്യാൻ ഇരിക്കുന്നതിനിടെ മാലയും മോതിരവും മേക്കപ്പ് മാൻ ചന്ദ്രന് ഊരി നൽകി. രണ്ടു മോതിരവും ഒരു മാലയും ചേർന്ന് ഏകദേശം എട്ടു പവൻ വരും. അത് പുള്ളി അയാളുടെ മേക്കപ്പ് ബോക്സിൽ സൂക്ഷിച്ചു വെച്ചു. ധൈര്യമായി ഷൂട്ടിന് പൊയ്ക്കൊള്ളാനും പുള്ളി പോകുമ്പോൾ റൂം പൂട്ടി കൊള്ളാമെന്നും പറഞ്ഞു. ആ സമയത്താണ് മാമുക്കോയ എത്തിയത്. ട്രയിനിൽ വന്നതുകൊണ്ട് ഉറക്കം ശരിയായില്ല. അതുകൊണ്ട് മാമുക്കോയ ആ റൂമിൽ ഉറങ്ങാൻ കിടന്നു. അതുകൊണ്ട് മേക്കപ്പ് മാൻ റൂം പൂട്ടിയില്ല. ആളുണ്ടല്ലോ റൂം പൂട്ടണ്ട എന്ന് ഞാനും പറഞ്ഞു. ഷൂട്ടിങ്ങ് ഇടവേളയുടെ സമയത്ത് ഉറക്കം ശരിയായില്ലെന്നും അതാണ് ഇവിടെ കിടന്ന് ഉറങ്ങിയതെന്നും അതും ശരിയായില്ലെന്നും പറഞ്ഞു. എന്തു പറ്റിയെന്ന് അന്വേഷിച്ചപ്പോൾ, ഒരു അനക്കം കേട്ട് മാമുക്കോയ ഉണർന്നെന്നും നോക്കിയപ്പോൾ ഒരാൾ ഒരു പെട്ടിയുമായി നിൽക്കുകയാണെന്നും അയാൾ പോയെന്നും അതോടെ ഉറക്കവും പോയെന്നും മാമുക്കോയ പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ നോക്കിയപ്പോൾ അയാളുടെ കൈയിലെ പെട്ടി താഴെ വീണെന്നും താനാണ് അത് എടുത്തു കൊടുത്തതെന്നും മാമുക്കോയ പറഞ്ഞു. കള്ളൻ കൊണ്ടു പോയ പെട്ടി തന്റെ സ്വർണം വെച്ച പെട്ടി ആയിരുന്നെന്നും താഴെ വീണിട്ടും മാമുക്കോയ കള്ളന് എടുത്തു കൊടുത്തതെന്നും ഇന്നസെന്റ് പറഞ്ഞു. സ്വർണം പോയതിൽ വിഷമം ഉണ്ടെങ്കിലും അന്ന് മാമുക്കോയ പെട്ടി ഒക്കെ എടുത്ത് കള്ളന് കൊടുത്തത് ഓർക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.