മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5 ദി ബ്രയിന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ സിബിഐയുടെ അഞ്ചാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്ന ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്നത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനുമായി. ചിത്രത്തില്‍ ഏറ്റവും അധികം കൈയടി നേടിയ കഥാപാത്രമായിരുന്നു ജഗതി ശ്രീകുമാറിന്റെ വിക്രം.
സേതുരാമയ്യര്‍ക്കൊപ്പം വിക്രമെന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ പഴയകാലത്തെ ഊര്‍ജം ഒട്ടും ചോര്‍ന്നുപോയിരുന്നില്ല. ഒരു സിബിഐ ഡയറിക്കുറിപ്പ് മുതല്‍ നാല് ഭാഗങ്ങളില്‍ ജഗതി ശ്രീകുമാര്‍ എത്തിയിരുന്നു. അതിന് ശേഷമാണ് ജഗതി ശ്രീകുമാറിന് അപകടം സംഭവിക്കുന്നതും സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നതും.
പരുക്കുപറ്റി സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ് ജഗതി ശ്രീകുമാര്‍. അതുകൊണ്ടുതന്നെ ജഗതി ശ്രീകുമാറിന് അനുയോജ്യമായ രീതിയിലാണ് തിരക്കഥാകൃത്ത് വിക്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുഖത്ത് എക്സ്പ്രഷന്‍ വരുന്നതൊവിച്ചാല് വിക്രം എന്ന കഥാപാത്രം സംസാരിക്കുകയോ ചലിക്കുകയോ ചെയ്യുന്നില്ല. ജഗതിയുടെ മകന് തന്നെയാണ് ചിത്രത്തിലും മകനായി എത്തുന്നത്. ജഗതിക്കായി സംസാരിക്കുന്നതും മകനാണ്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു ക്ലൂ നല്‍കുന്നത് ജഗതിയുടെ വിക്രമാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് സേതുരാമയ്യര്‍ക്കൊപ്പം വിക്രത്തിനും ലഭിച്ചത്.