സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്നു ചിത്രമായിരുന്നു സി ബി ഐ 5 ദ ബ്രയിൻ. പ്രധാനമായും രണ്ട് കാരണമായിരുന്നു അതിന് ഉണ്ടായിരുന്നത്. ഒന്ന്, സേതുരാമയ്യർ എന്ന സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്നത്. രണ്ടാമത്തെ കാരണം, നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു എന്നതും. സിനിമ റിലീസ് ആയപ്പോൾ തിയറ്ററുകൾ അതിന് ഉത്തരവും നൽകി. ജഗതി ശ്രീകുമാറിന്റെ സീൻ എത്തിയപ്പോൾ വൻ കരഘോഷത്തോടെ ആയിരുന്നു തിയറ്ററുകൾ വരവേൽപ്പ് നൽകിയത്.
ഇപ്പോൾ ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലേക്ക് സംവിധായകൻ കെ മധു എത്തുകയായിരുന്നു. വീട്ടിലെത്തിയ മധു വിജയാഘോഷത്തിന്റെ ഭാഗമായി ജഗതിയെയും ചേർത്ത് കേക്ക് മുറിക്കുകയും ചെയ്തു. അതിനു ശേഷം സി ബി ഐ 5 കാണാൻ തിയറ്ററിൽ പോകാം? എന്ന് പറഞ്ഞപ്പോൾ ‘ആ പോകാം’ എന്ന് ജഗതി മറുപടി നൽകുകയായിരുന്നു. ഈ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചോദ്യങ്ങളോടും സൗഹൃദങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വലിയ തിരിച്ചു വരവിന്റെ വഴി കൂടിയാണ് തുറക്കുന്നത്. സി ബി ഐ ആറാം പതിപ്പിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അതിലും വിക്രം ആയി ജഗതി തന്നെയെത്തുമെന്നും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെയേറെ അഭിമാനത്തോടും അതിലേറെ സന്തോഷത്തോടും കൂടിയാണ് ഞാനിവിടെ ആയിരിക്കുന്നത്. സി ബി ഐ 5 ദ ബ്രയിനിന്റെ വിജയം അമ്പിളിച്ചേട്ടനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ്. സി ബി ഐ അഞ്ചാം ഭാഗം ആലോചിക്കുമ്പോൾ തന്നെ ഞങ്ങളുടെ മനസിൽ ഞങ്ങളുടെ വിക്രം ഉണ്ടായിരുന്നു. അമ്പിളിച്ചേട്ടനെ സിനിമയിൽ അഭിനയിപ്പിക്കണം എന്നുള്ളത് ഞങ്ങളുടെ കൂട്ടായ ഒരു ആഗ്രഹം ആയിരുന്നു. ഈ ചിത്രത്തിലും അദ്ദേഹത്തിന് പ്രാധാന്യമുള്ള വേഷമായിരിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് അദ്ദേഹത്തെ എറണാകുളത്ത് വരുത്തുകയും അഭിനയിപ്പിക്കുകയും ചെയ്തത്. ഞങ്ങളുടെ വിക്രം തിരിച്ചെത്തി. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം’ – ജഗതിയുടെ കൈ പിടിച്ച് കെ മധു പറഞ്ഞു.