പൊന്നിയിൻ സെൽവൻ സിനിമ കണ്ടപ്പോൾ തന്റെ പ്രകടനത്തിൽ തനിക്ക് ഒട്ടും തൃപ്തി തോന്നിയില്ലെന്ന് നടൻ ജയം രവി. പൊന്നിയിൻ സെൽവൻ ടീം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇങ്ങനെ പറഞ്ഞത്. സിനിമയിലെ തന്റെ പ്രകടനത്തിൽ ഒരു സംതൃപ്തിയും തോന്നിയില്ലെന്നും കുറവുകൾ മാത്രമാണ് കണ്ടതെന്നും ജയം രവി പറഞ്ഞു. ഈ സമയത്ത് മണിരത്നം നന്ദി എന്ന് പറഞ്ഞു. ഇത് പറയാൻ പാടില്ലായിരുന്നു അല്ലേയെന്ന് ജയം രവിയും ഒരു ചെറുചിരിയോടെ പറഞ്ഞു.
ഏതായാലും വിക്രം, കാർത്തി എന്നിവർ ഇതിനെ വളരെ രസകരമായി എടുത്തു. രണ്ടാം ഭാഗത്തിൽ രവി ഇല്ലായിരിക്കുമെന്നും നമ്മുടെ രണ്ടു പേരുടെയും കഥ ആയിരിക്കും ഇതെന്നും കാർത്തിയോട് വിക്രം തമാശയായി പറഞ്ഞു. ഈ സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിൽ തന്റെ ജഡ്ജ് സംവിധായകൻ ആണെന്നും റിലീസിന് ശേഷം അത് ഓഡിയൻസ് ആണെന്നും ജയം രവി പറഞ്ഞു.
അതേസമയം, തമിഴ് നാട്ടിൽ ഏറ്റവും അധികം വരുമാനം നേടിയ ചിത്രമെന്ന നേട്ടവുമായി പൊന്നിയിൻ സെൽവൻ പ്രദർശനം തുടരുകയാണ്. ആദ്യദിനം മാത്രം തമിഴ് നാട്ടിൽ നിന്ന് 25.86 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങ് നേടുന്ന ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. അജിത്ത് ചിത്രം വലിമൈ ആണ് ഒന്നാം സ്ഥാനത്ത്.