നടന് ജയറാമിന്റെ മകള്‍ മാളവിക ഉടന്‍ സിനിമയിലേക്കെന്ന് സൂചന. ജയറാം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. മാളവിക തെലുങ്കിലും തമിഴിലും കുറെ കഥകളൊക്കെ കേട്ടിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ജയറാം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
മകള്‍ ചക്കിയെ ആദ്യം വിളിച്ചത് സത്യന് അന്തിക്കാടിന്റെ മകന് അനൂപാണെന്ന് ജയറാം പറഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ആ സമയത്ത് ദുല്‍ഖുര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ മദ്രാസില്‍ ചക്കിയുടെ അടുത്ത് വന്നു കഥ പറഞ്ഞു. എന്നാല്‍ ചക്കി ഓക്കെ ആയിരുന്നില്ല. ഒരു സിനിമ ചെയ്യാന്‍ മാനസികമായി തയ്യാറായിട്ടില്ല എന്നായിരുന്നു അവള് പറഞ്ഞത്. പിന്നെയും കുറെ നിര്‍ബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തതെന്നും ജയറാം പറഞ്ഞു.
അതിനുശേഷം ജയം രവി ഒരു സിനിമയ്ക്ക് വേണ്ടി ഈ അടുത്ത കാലത്ത് വിളിച്ചിരുന്നു. ജയം രവിയ്ക്കൊക്കെ തുടക്കം മുതലേ ചക്കിയെ അറിയുന്നതാണ്. അതിനും അവള് സമ്മതം മൂളിയില്ല. കഥ കേട്ട്, മനസ് സെറ്റായെന്ന് തോന്നിയാല്‍ ചക്കി അഭിനയരംഗത്തേക്ക് കടന്നു വരുമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.