ബിഗ് ബജറ്റിലൊരുങ്ങിയ മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ജയറാം അവതരിപ്പിച്ച ആഴ്വാര്‍ കടിയാന് നമ്പി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അ കഥാപാത്രത്തിലേക്ക് മണിരത്നം വിളിക്കാനുള്ള കാരണം രമേഷ് പിഷാരടിയാണെന്ന് പറയുകയാണ് ജയറാം. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് നമ്പിയായി അഭിനയിക്കാന്‍ താന്‍ അനുയോജ്യനാണെന്ന് മണിരത്നത്തിന് തോന്നിയതെന്ന് ജയറാം പറഞ്ഞു.
മണിരത്നത്തിന്റെ ഓഫിസിന്റെ ചുമരില്‍ തല മൊട്ടയടിച്ച് കുതിരപ്പുറത്തിരിക്കുന്ന തന്റെ പഞ്ചവര്‍ണതത്തയിലെ ഒരു പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ഏതെങ്കിലും ഒരു വലിയ വേദിയില്‍ ഇത് പറഞ്ഞ് പിഷാരടിക്ക് സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടിയാണ് ഇത്രയും നാള് പറയാതിരുന്നതെന്നും ജയറാം പറഞ്ഞു. മഴവില്‍ മനോരമയുടെ മ്യൂസിക് അവാര്‍ഡ് വേദിയിലായിരുന്നു ജയറാം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രണ്ട് വര്‍ഷം മുന്‍പാണ് പൊന്നിയിന്‍ സെല്‍വനിലേക്ക് തനിക്ക് വിളി വന്നത്. തുടര്‍ന്ന് അവിടെ എത്തി അദ്ദേഹവുമായി സംസാരിച്ചു. മണിരത്നം കഥ മുഴുവന്‍ വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ആക്കിവച്ച് ഓരോന്നും വിവരിച്ചു തന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ‘ആള്‍വാര്‍ കടിയാന് നമ്പിക്ക് തന്റെ സാമ്യമുണ്ടോ എന്നും എന്നിലേക്ക് എങ്ങനെ വന്നു’ എന്നും താന്‍ മണിരത്നത്തോട് ചോദിച്ചു. അപ്പോഴാണ് പിഷാരടിയെപ്പറ്റി അദ്ദേഹം ചോദിച്ചത്. പിഷാരടി എന്നൊരു സംവിധായകന് മലയാളത്തില്‍ ഇല്ലേ എന്നായിരുന്നു ചോദ്യം. പിന്നീട് അദ്ദേഹം ഒരു പടം കാണിച്ചു തവന്നു. പിഷാരടി തന്നെ വച്ച് ചെയ്ത ചിത്രത്തിന്റെ വലിയൊരു പോസ്റ്ററായിരുന്നു അതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.