വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് ജയസൂര്യ. എന്നാൽ ജയസൂര്യ എന്ന തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ എത്തുന്നതിനു മുമ്പ് ജയൻ എന്നായിരുന്നു തന്റെ പേരെന്നും താൻ തന്നെയാണ് അത് ജയസൂര്യ എന്നാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോർട് ഫിലിമിൽ ഒക്കെ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയിൽ ജോലി ചെയ്യുകയായിരുന്നു. അക്കാലത്ത് തന്റെ പേര് ജയൻ എന്നായിരുന്നു. എന്നാൽ, തനിക്ക് ആ പേര് ഒട്ടും ചേരില്ല എന്ന ബോധം തന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. മലയാളികളുടെ മനസിൽ ആ പേരിൽ മറ്റൊരു നടൻ നിലനിൽക്കുന്നുണ്ട്. അക്കാരണത്താൽ തന്നെ ജയൻ എന്ന പേരുമായി വന്നാൽ മലയാളികൾ തന്നെ സ്വീകരിക്കില്ലെന്ന് അറിയാമായിരുന്നെന്നും ജയസൂര്യ പറഞ്ഞു.
അങ്ങനെ സ്വയം പേരു മാറ്റാനുള്ള ആലോചന ആരംഭിച്ചു. ഒരു പാട് പേരുകൾ നോക്കി. ജയപ്രകാശ്, ജയകുമാർ എന്നിങ്ങനെ. പല പല പേരുകൾ മനസിൽ വന്നതിനു ശേഷം ഒടുവിൽ ലഭിച്ച പേരായിരുന്നു ജയസൂര്യ. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന സുഹൃത്ത് ജോജിയോട് ആ പേര് പറഞ്ഞു. അപ്പോൾ ജോജി തമാശരൂപേണ, ‘ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ മാതാപിതാക്കൾ നല്കിയ ജയന് എന്ന പേരിന് പകരം ജയസൂര്യ എന്ന് സ്വയം പേര് നല്കിയ ആളാണ് ഞാന്‍.