മലയാളത്തിലെ ടെലിവിഷൻ രംഗത്ത് റിയാലിറ്റി ഷോകൾക്ക് പുതിയ രൂപവും ഭാവവും നൽകിയ ഒന്നായിരുന്നു ബിഗ് ബോസ്. ഇപ്പോൾ ബിഗ് ബോസ് നാലാം സീസണിനെക്കുറിച്ചാണ് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ചർച്ചകൾ സജീവമായിരിക്കുന്നത്. മലയാളം ബിഗ് ബോസിന്റെ നാലാം സീസൺ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 27നാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഓപ്പണിങ്ങ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. അതേസമയം, സീസൺ നാലിലും അവതാരകനായി മോഹൻലാൽ തന്നെ ആയിരിക്കും എത്തുക. ബിഗ് ബോസ് തന്നെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. പതിവിനു വിപരീതമായി ബിഗ് ബോസ് സീസൺ നാലിൽ സുരേഷ് ഗോപി ആയിരിക്കും അവതാരകനായി എത്തുക എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ കുറച്ചു നാൾ മുമ്പ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ, ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കി മോഹൻലാൽ തന്നെ ആയിരിക്കും ബിഗ് ബോസ് സീസൺ നാലിന്റെയും അവതാരകനെന്ന് അണിയറപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഒരു വീഡിയോയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.
ബിഗ് ബോസ് സീസൺ നാലിന്റെ അവതാരകൻ ആരെന്ന കാര്യത്തിൽ വ്യക്തത ലഭിച്ച പശ്ചാത്തലത്തിൽ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്നതാണ് ഇപ്പോൾ സജീവമായ ചർച്ച. മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്നുള്ള സാധ്യതപട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് സോഷ്യൽമീഡിയ. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി ആളുകളുടെ പേരുകളാണ് സോഷ്യൽമീഡിയ തയ്യാറാക്കുന്ന പട്ടികയിൽ പ്രത്യക്ഷപ്പെടുന്നത്. നടനും അവതാരകനുമായ ജീവ ജോസഫിന്റെ പേരും ഈ സാധ്യതാപട്ടികയിൽ ഉയർന്നു കേട്ടിരുന്നു. എന്നാൽ താനോ ഭാര്യ അപർണ തോമസോ ബിഗ് ബോസിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീവ ഇപ്പോൾ. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ജീവ ഇക്കാര്യം അറിയിച്ചത്. ഭാര്യ അപർണയ്ക്ക് ഒപ്പം മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ജീവ ഇക്കാര്യം വ്യക്തമാക്കിയത്. ‘സോറി, ഞങ്ങൾ മാൽഡീവ്സിൽ ആണ്, ബിഗ് ബോസ് ഹൗസിൽ അല്ല’ എന്ന് കുറിച്ചു കൊണ്ടാണ് ജീവ മാലിദ്വീപിൽ നിന്നുള്ള ഫോട്ടോ ജീവ ജോസഫ് പങ്കുവെച്ചത്. വളരെ അത്യാവശ്യമുള്ള ഒരു ഇടവേള എന്നുകൂടി ചിത്രത്തിനൊപ്പം ജീവ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ ഒരു ചിത്രം ജീവ പങ്കുവെച്ചിരുന്നു. ബാഗ് തൂക്കി നിൽക്കുന്ന ചിത്രത്തിന് ‘അപ്പോൾ പോയിട്ട് വരാം’ എന്നായിരുന്നു അടിക്കുറിപ്പ് നൽകിയത്. ഇതിനു താഴെ എത്തിയ നിരവധി ആളുകളാണ് ബിഗ് ബോസിലേക്ക് ആണോ എന്ന ചോദ്യം ചോദിച്ചത്. എന്നാൽ, ആ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയായി മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ജീവ പങ്കുവെച്ചത്. അപർണ തോമസും ചിത്രങ്ങളും വീഡിയോകളും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ബിഗ് ബോസ് സീസൺ നാലിൽ പലരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ‘ഓഫ് റ്റു മുംബൈ’ എന്ന കാപ്ഷനോടെ നടനും മോഡലുമായ ജിയ ഇറാനി പങ്കുവെച്ച ചിത്രങ്ങളും ബിഗ് ബോസ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പലരും ജിയ ഇറാനിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ഈ ആശംസകൾ ജിയ തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഷോയിൽ പങ്കെടുക്കുന്ന കാര്യം മുൻകൂട്ടി അനൗൺസ് ചെയ്യാൻ പാടില്ലെന്ന് ബിഗ് ബോസ് നിയമമുണ്ട്. അതുകൊണ്ടു തന്നെ ജിയ ഇറാനിയുടെ പോസ്റ്റിനെ സംശയത്തോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.
View this post on Instagram