സീരിയൽ കില്ലറായി മലയാളസിനിമയിലേക്ക് എത്തിയ നടനാണ് ജിനു ജോസഫ്. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലൂടെയാണ് ജിനു ജോസഫ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ജിനു വ്യത്യസ്തമായ വേഷങ്ങളിൽ തന്റെ അഭിനയമികവ് പ്രകടിപ്പിച്ചു. പക്ഷേ, എല്ലാത്തിലും ജിനുവിന്റെ കഥാപാത്രങ്ങൾക്ക് ഒരു നെഗറ്റീവ് ഷേഡ് ആയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഭീമന്റെ വഴി എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവത്തിലും ജിനു ശക്തമായ സാന്നിധ്യമായിരുന്നു.
ദുൽഖർ സൽമാൻ നായകനായി എത്തിയ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ബീച്ച് വേ ഇന്റർനാഷണലിന്റെ ഉടമയായ കഥാപാത്രമായി എത്തിയത് ജിനു ആയിരുന്നു. അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമായി കൊച്ചി സ്വദേശിയായ ജിനു. സാഗർ ഏലിയാസ് ജാക്കി, അൻവർ, ചാപ്പ കുരിശ്, ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നോർത്ത് 24 കാതം, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, വരത്തൻ, വൈറസ്, അഞ്ചാം പാതിര, ഭീമന്റെ വഴി, ട്രാൻസ്, ഭീഷ്മപർവം എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമായി ജിനു.
ഏതായാലും അടുത്തിടെ ഒരു അഭിമുഖത്തിൽ ജിനു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബൈജു എൻ നായരുടെ യുട്യൂബ് ചാനലിൽ അദ്ദേഹത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ലഭിക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെക്കുറിച്ച് ജിനു വാചാലനായത്. അഭിമുഖത്തിൽ ഈ കാര്യങ്ങൾ പരാമർശിക്കുന്ന വീഡിയോ ബൈജു തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഏതെങ്കിലും പ്രത്യേകതരം റോളുകളോട് താൽപര്യം ഉണ്ടോ എന്ന് ചോദിക്കുമ്പോഴാണ് തനിക്ക് കിട്ടുന്ന റോളുകളെക്കുറിച്ച് ജിനു പറഞ്ഞത്. ‘അങ്ങനെയൊന്നുമില്ല, ഒരു താൽപര്യവുമില്ല. പിന്നെ പൊതുവെ എനിക്ക് കിട്ടുന്നത് സ്യൂട്ട്, കോട്ട്, അങ്ങനത്തെ സാധനങ്ങളൊക്കെയാ. പക്ഷേ ഒരു കാര്യം എന്നുപറഞ്ഞാൽ എല്ലാത്തിലും എന്നെ തല്ലിക്കൊല്ലും. അതാണ് പ്രശ്നം. എല്ലാത്തിലും എന്തെങ്കിലും ഒരു ടച്ച് ഓഫ് നെഗറ്റിവിറ്റി ഉണ്ടാകും.’ അത്തരത്തിലുള്ള വേഷങ്ങൾ കുഴപ്പമില്ലെന്നും വരാൻ പോകുന്ന സിനിമയിലും ഏകദേശം ഇതുപോലൊക്കെയാണ് വേഷങ്ങളെന്നും ജിനു വ്യക്തമാക്കി.
View this post on Instagram