മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചിത്രമായ ബിഗ് ബി ആയിരുന്നു നടൻ ജിനു ജോസഫിന്റെ ആദ്യസിനിമ. പതിനാല് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വീണ്ടും ഒരു ചിത്രം ആലോചിച്ചപ്പോൾ അമൽ നീരദ് ജിനുവിനെ മറന്നില്ല. ഒരു വൈദികന്റെ വേഷത്തിലാണ് ഭീഷ്മപർവ്വത്തിൽ ജിനു ജോസഫ് എത്തിയത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ മമ്മൂട്ടിക്ക് ഒപ്പമുണ്ടായ ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ജിനു ജോസഫ്.
സിനിമയിലെ ഒരു രംഗം ഒരുപാട് ടേക്ക് പോയതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് മമ്മൂട്ടി ചോദിച്ച ഒരു ചോദ്യവുമാണ് ജിനു ജോസഫ് പങ്കുവെച്ചത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജിനു തുറന്നു പറഞ്ഞത്. സിനിമയിൽ തന്റെ ആദ്യസീൻ മമ്മൂക്ക സ്റ്റെപ്പിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തൊക്കെയോ സംസാരിക്കുന്നതാണ്. എന്നാൽ, അത് ഒരു പതിനഞ്ച് ടേക്ക് പോയെന്ന് ജിനു പറഞ്ഞു. ‘ഒരു വാക്കിൽ സ്റ്റക്കായി സ്റ്റക്കായി നിൽക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്. ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോൾ മമ്മൂക്ക് അടുത്ത് വന്ന് ചോദിച്ചു ഏത് മതക്കാരനാണെന്ന്. കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോൾ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു’ – ജിനു ജോസഫ് പറഞ്ഞു.
തന്റെ ആദ്യസിനിമ മമ്മൂക്കയും അമൽ നീരദുമായിട്ട് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ’15 കൊല്ലത്തിനു ശേഷം മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ അദ്ദേഹം കുറച്ചുകൂടി യങ് ആയതായിട്ടാണ് തോന്നിയത്. ആദ്യമായി സെറ്റിൽ വന്നപ്പോൾ മമ്മൂക്കയെ അടിമുതൽ മുടി വരെ നോക്കി. സിനിമയിൽ പുള്ളിയെ കാണാൻ എന്തൊരു ഗ്ലാമറാണ്.’ ജിനു പറയുന്നു. സിനിമയിൽ മമ്മൂട്ടി വളരെ സപ്പോർട്ടീവ് ആണെന്നും ഒരിക്കലും നമ്മളെ ഡിസ്കറേജ് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.