മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഫെബ്രുവരി പതിനെട്ടിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ചിത്രത്തിനെതിരെ ചില പ്രചാരണങ്ങളും നടന്നു. ഇതിനെതിരെ സംവിധായകന് ബി. ഉണ്ണികൃഷ്ണന് തന്നെ രംഗത്തെത്തി. ഇപ്പോഴിതാ സിനിമയെ കുറിച്ചും സിനിമയ്ക്കെതിരായ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ജോണി ആന്റണി അവതരിപ്പിക്കുന്നുണ്ട്.
ഒരുമികച്ച എന്റര്‍ടെയ്നറാണ് ആറാട്ടെന്ന് ജോണി ആന്റണി പറയുന്നു. ലാലേട്ടന് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. എണ്പതുകളിലെയൊക്കെ ലാലേട്ടനെ ചിത്രത്തില്‍ കാണാം. സ്പൂഫ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇത് ആസ്വദിക്കുന്നുണ്ടെന്നും ജോണി ആന്റണി പറഞ്ഞു.
സിനിമയ്ക്കെതിരായ വിമര്‍ശനങ്ങളോടും ജോണി ആന്റണി പ്രതികരിച്ചു. കാശ് കൊടുത്ത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പറയരുത്. ചിലര്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രവണതകള്‍ വന്നിട്ട് അധികമായിട്ടില്ല. എന്തിനേയും നെഗറ്റീവായി കണ്ട് സന്തോഷമടയുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരെ ദ്രോഹിക്കുന്ന സമയം സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചൂടെയെന്നും ജോണി ആന്റണി ചോദിക്കുന്നു.