കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തില്‍ കാമിയോ റോളിലെത്തി തകര്‍പ്പന്‍ പ്രകടനമാണ് നടന് സൂര്യ കാഴ്ചവച്ചത്. സൂര്യ അവതരിപ്പിച്ച റോളക്സിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രത്തില്‍ കമല്ഹാസന് കാമിയോ റോളില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
വിജയ് 67 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണിത്. ബോളിവുഡില്‍ നിന്ന് സഞ്ജയ് ദത്തും മലയാളത്തില്‍ നിന്ന് പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു ഗാംഗ്സ്റ്റര് ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. ഡിസംബറില്‍ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് നിലവില്‍ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ലോകേഷ് ആണ്. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കമല്‍ഹാസന്റെ ‘വിക്രം’. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേയ്ന് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്.