മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇതില്‍ ഒരു ഗുസ്തിക്കാരനായിട്ടാണ് ഹോമന്‍ലാല്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി മറ്റൊരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഉലകനായകന് കമല്ഹാസനുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ക്ലൈമാക്സില്‍ കമല്‍ഹാസനെ കൊണ്ടുവരാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
2009ല്‍ ചാക്രി സംവിധാനം ചെയ്ത ഉന്നൈപോല്‍ ഒരുവന് എന്ന ചിത്രത്തില്‍ കമല്‍ഹാസനും മോഹന്‍ലാലും ഒരുമിച്ചെത്തിയിരുന്നു. ചിത്രത്തില്‍ ഐജിയുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും കമല്‍ഹാസനും വീണ്ടും ഒരുമിക്കുന്നത്. ഇത് മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
അടുത്തിടെയാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. ആമേനു ശേഷം പി.എസ് റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രമാണിത്. രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. ജനുവരി പത്തിന് ചിത്രീകരണം ആരംഭിക്കും. ബോളിവുഡ് താരം വിദ്യുത്ജംവാള് ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.