രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ് നടൻ സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. പാണ്ഡിരാജ് സംവിധാനം ചെയ്ത ‘എതർക്കും തുനിന്തവൻ’ എന്ന ആക്ഷൻ ചിത്രത്തിന് തിയറ്ററിൽ വൻ വരവേൽപ്പ് ആണ് ലഭിച്ചത്. സഹോദരൻ സൂര്യയുടെ ചിത്രത്തിന് കൈ അടിച്ചിരിക്കുകയാണ് അനിയൻ കാർത്തിയും. ട്വിറ്ററിലാണ് കാർത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത്തരമൊരു കത്തുന്ന പ്രശ്നം കൈകാര്യം ചെയ്തതിനും വിലക്കപ്പെട്ട ഒരു വിഷയത്തിൽ സംഭാഷണം ആരംഭിച്ചതിനും അഭിനന്ദനങ്ങൾ എന്ന് കാർത്തി കുറിച്ചു. കുടുംബങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും കാർത്തി കുറിച്ചു.
ഒരു മാസ് ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർത്താണ് ‘എതർക്കും തുനിന്തവൻ’ ഒരുക്കിയിരിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. എന്നാൽ, ഒരു മാസ് മസാല ചിത്രത്തിന്റെ എല്ലാ ചേരുവകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണബീരാൻ എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു അഭിഭാഷകനായാണ് ചിത്രത്തിൽ സൂര്യ പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിന്റെ കാര്യങ്ങൾക്കായി മുന്നിൽ നിൽക്കുമ്പോഴും ഒരു ദുരന്തം വേട്ടയാടുന്ന കുടുംബമാണ് കണ്ണബീരാന്റേത്. ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ചില കാര്യങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ചുരുക്കത്തിൽ കണ്ണബീരാൻ എന്ന അഭിഭാഷകന്റെ ഒറ്റയാൾ പോരാട്ടം കൂടിയാണ് ഈ ചിത്രം.
പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിൽ നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ഡിരാജ്. വിനയ് റായ്, സത്യരാജ്, രാജ്കിരണ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്, ദേവദര്‍ശിനി, എം എസ് ഭാസ്കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ആര് രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ നാൽപതാമത് ചിത്രമാണ് എതര്‍ക്കും തുനിന്തവന്.
#ET – kudos for handling such a burning issue and opening a conversation on a topic which has been a taboo. Anna holds the film with elan and gives strength to the director. A must watch for families!! @Suriya_offl @pandiraj_dir @priyankaamohan @immancomposer @RathnaveluDop
— Actor Karthi (@Karthi_Offl) March 10, 2022