മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കോട്ടയം നസീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സിനിമ നടനെന്ന നിലയില്‍ തനിക്ക് കിട്ടിയ അംഗീകാരമാണ് റോഷാക്കിലെ കഥാപാത്രമെന്ന് പറയുകയാണ് കോട്ടയം നസീര്‍. ഈ സിനിമയിലേക്ക് വിളിച്ചില്ലായിരുന്നെങ്കില്‍ പെയിന്റ് പണിക്ക് പോകേണ്ടി വരുമായിരുന്നുവെന്നും കോട്ടയം നസീര്‍ പറഞ്ഞു.
മിമിക്രിയില്‍ തനിക്ക് തന്റേതായ സ്പേസ് ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വന്നപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. രണ്ട് കൊല്ലം ഒരുപരിപാടിയും ഉണ്ടായിരുന്നില്ല. ആ സമയത്താണ് മിമിക്രിയിലേക്ക് പുതിയ പിള്ളേര് വന്നത്. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു. അപ്പോഴാണ് എക്സ്പൈറി കഴിഞ്ഞുവെന്ന് താന്‍ മനസിലാക്കിയതെന്നും കോട്ടയം നസീര്‍ പറഞ്ഞു.
സിനിമയും മിമിക്രിയും കൈവിട്ടു എന്ന് തോന്നിയപ്പോഴാണ് പെയിന്റ് പണിയെപ്പറ്റി ആലോചിച്ചത്. അവിടെയങ്ങനെ ആരും കൈവയ്ക്കില്ല. കാരണം പെയിന്റ് പണി എപ്പോഴും ഉണ്ടാകും. അങ്ങനെയെല്ലാം മനസില്‍ കരുതി ഒരുങ്ങിയപ്പോഴാണ് റോഷാക്കിലേക്ക് വിളിച്ചത്. ഇത് തനിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.