വാർത്ത അവതാരകനായി എത്തി പിന്നീട് അഭിനേതാവായി അരങ്ങേറി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിങ്ങനെ നാല് പെൺമക്കൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എന്നും ആവേശം കൊള്ളുന്നുണ്ട്. മൂത്തമകൾ അഹാന കൃഷ്ണ ഇന്ന് മലയാളത്തിലെ തിരക്കുള്ള നായികയാണ്.
ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിതുരയിലെ വലിയകാല സെറ്റിൽമെന്റിലെ 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമിച്ച് നൽകിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മക്കളും. അഹാന, ദിയ, ഇഷാനി, ഹൻസിക സഹോദരിമാരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ’ ആണ് ധനസഹായം നൽകിയത്. ‘അമ്മുകെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം. സോഷ്യൽ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം പങ്ക് വെച്ചത്.
ഞങ്ങളുടെ സാമൂഹിക സഹായ സംരംഭമായ അഹാദിഷിക ഫൗണ്ടേഷൻ വഴി, തിരുവനന്തപുരത്തെ വിതുര പഞ്ചായത്തിലെ വലിയകാല ട്രൈബൽ സെറ്റിൽമെന്റിലെ അംഗങ്ങൾക്ക് ടോയ്ലറ്റ് സൗകര്യം ഒരുക്കി നൽകുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഉദാരമായ സംഭാവനകൾ നൽകി മുന്നോട്ടുവന്ന് അതിന്റെ ഭാഗമാകാൻ തയ്യാറായ അച്ഛന്റെ നല്ല സുഹൃത്തായ മോഹൻജിയുടെ ചാരിറ്റി ഓർഗനൈസേഷനായ അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റിന് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു. വലിയകാല ആദിവാസി സെറ്റിൽമെന്റിലെ 32 കുടുംബങ്ങൾ കഴിഞ്ഞ 20-ലധികം വർഷങ്ങളായി ടോയ്ലറ്റ് സൗകര്യമില്ലാതെയാണ് കഴിയുന്നത്, ഇത് കാരണം പ്രാഥമിക ആവശ്യങ്ങൾക്കായി അവർക്ക് കാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ്. മിക്ക പ്രഭാതങ്ങളിലും, മൂടൽമഞ്ഞും തണുപ്പും കാരണം അവരിൽ പലർക്കും വന്യമൃഗങ്ങളാൽ പരിക്കേൽക്കേണ്ടതായും വന്നിട്ടുണ്ട്. ഇന്ന്, അവരിൽ ഏറ്റവും ആവശ്യമുള്ളവർക്ക് 9 ടോയ്ലറ്റുകൾ നൽകിക്കൊണ്ട് അവരുടെ ഒരു പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇനിയുമേറെ പൂർത്തീകരിക്കുവാനുണ്ട്.
എല്ലാവരേയും വ്യക്തിപരമായി കണ്ടുമുട്ടുകയും അവരുമായി ഇടപഴകുകയും ചെയ്തത് ശരിക്കും ഹൃദയസ്പർശിയായ അനുഭവമായിരുന്നു. ഒപ്പം രുചികരമായ ഭക്ഷണത്തിനും നന്ദി. നിങ്ങളോ നിങ്ങളുടെ പരിചയത്തിലുള്ള ആളുകളോ ഇത്തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർ ആണെങ്കിലോ, അല്ലെങ്കിൽ ഇതിനായി സംഭാവന നൽകാനും നല്ല കാര്യങ്ങളുടെ ഭാഗമാകാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിലോ അല്ലെങ്കിൽ പരിചയത്തിൽ ഉള്ളവരോ എങ്കിൽ അഹാദിഷിക ഫൗണ്ടേഷനുമായി ബന്ധപ്പെടുക.
View this post on Instagram