തിരുവോണദിനത്തിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ് കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ നായകരായി എത്തുന്ന ചിത്രമായ ‘ഒറ്റ്’. ചിത്രം തിയറ്ററുകളിലേക്ക് എത്താൻ പോകുന്നതിന് മുന്നോടിയായുള്ള പ്രമോഷൻ പരിപാടിയുടെ ഭാഗമായി കുഞ്ചാക്കോ ബോബൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒറ്റിൽ കുഴികളില്ലെന്നും അതുകൊണ്ട് എല്ലാവരും തിയറ്ററുകളിലേക്ക് സിനിമ കാണാൻ എത്തണമെന്നുമാണ് കുഞ്ചാക്കോ ബോബൻ ആവശ്യപ്പെട്ടത്.
‘ഒറ്റ് എന്ന സിനിമയിൽ ഞാൻ ബോംബെ മുതൽ മംഗലാപുരം വരെ യാത്ര ചെയ്തു. ഒറ്റ കുഴി പോലും ഇല്ല ആ റോഡിലൊന്നും. അത് എടുത്തു പറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. പക്ഷേ, കുഴികളില്ല. അതുകൊണ്ട് നിങ്ങൾക്ക് ധൈര്യപൂർവം തിയറ്ററുകളിലേക്ക് വരാം. ഈ സിനിമ ആസ്വദിക്കാം. അതാണ്, എനിക്കിപ്പോൾ പറയാനുള്ളത്’ – കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. ത്രില്ലർ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി, ജാക്കി ഷ്രോഫ്, ഈഷ റേബ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്തത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് ഹീറോ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ അപ്പു ഭട്ടതിരിയായണ്. ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, അനീഷ് ഗോപാൽ, സിയാദ് യദു എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ് – റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ – സുനിത് ശങ്കർ ലൈൻ. പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം, കൊറിയോഗ്രാഫർ – സജ്ന നജാം, ഡിജിറ്റൽ മാർക്കറ്റിങ്: ഒമ (ഓൺലൈൻ മീഡിയ അസോസിയേഷൻ)