ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചില് ഖേദം പ്രകടിപ്പിച്ച് നടന് ലാല്‍. കൊവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടുമാണ് പരസ്യത്തില്‍ അഭിനയിച്ചത്. പരസ്യം കണ്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലാല്‍ പറഞ്ഞു.
ഒരു പ്രൊഡക്ടിന് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവണ്മെന്റിന്റെ അനുമതിയോടെയാണ് അവര്‍ തന്നെ സമീപിച്ചത്. നിരവധി അഭിനേതാക്കള്‍ ഇതിന് മുന്‍പും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. പരസ്യം കണ്ട് ആര്‍ക്കെങ്കിലും ദുരന്തം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പ് പറച്ചില് അല്ലെന്നും ലാല്‍ പറയുന്നു.
ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്മാരോട് അതില്‍ നിന്ന് പിന്മാറാന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍എ ആവശ്യപ്പെട്ടിരുന്നു. സാംസ്കാരിക മന്ത്രി വി.എന്‍ വാസവനോടായിരുന്നു ഗണേഷിന്റെ അഭ്യര്‍ത്ഥന. ഓണ്‍ലൈന്‍ റമ്മിക്ക് അടിമപ്പെട്ട് നിരവധിയാളുടെ ജീവിതം വഴിയാധാരമായെന്നും ഗണേഷ്കുമാര് പറഞ്ഞിരുന്നു.