മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്നമാണ് ലിയോ. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന് മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, ഗൗതം വസുദേവ് മേനോന്, അര്ജുന് തുടങ്ങി നിരവധി പേരാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പലരും ചിത്രത്തില്‍ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ലെജന്‍ഡ് ശരവണനും ചിത്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ലെജന്‍ഡ് ശരവണന് ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ ആണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.
ശരവണ സ്റ്റോഴ്സ് ഉടമയും ലെജന്‍ഡ് സിനിമയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചയാളുമാണ് ശരവണന്. കശ്മീരിലെ ഒരു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കടുത്ത ശൈത്യത്തെ വകവെക്കാതെ കഴിഞ്ഞ മൂന്ന് വാരങ്ങളായി വിജയ്യും സംഘവും കശ്മീരില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ലെജന്‍ഡ് ശരവണന്റെ വിഡിയോയില്‍ നിന്ന് വിജയ് ആരാധകര്‍ ഇത്തരമൊരു സാധ്യത അന്വേഷിക്കുന്നതിന്റെ കാരണം ഇതാണ്.
അതേസമയം ശരവണന് നായകനായി എത്തിയ ലെജന്‍ഡിനും കശ്മീരില്‍ ചിത്രീകരണമുണ്ടായിരുന്നു. അതിന്റെ ത്രോബാക്ക് വിഡിയോയാണോ അദ്ദേഹം പങ്കുവച്ചിരിക്കുന്നതെന്നും വ്യക്തമല്ല. ലെജന്‍ഡ് ഇന്‍ കശ്മീര്‍ എന്നു മാത്രമാണ് അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.