പലപ്പോഴും സിനിമകളിൽ നാം കാണുന്ന ഒരു കാര്യമാണ് പ്രായമായ നായകർക്കൊപ്പം ചെറിയ പ്രായമുള്ള നായികമാർ അഭിനയിക്കുന്നത്. എന്നാൽ, പ്രായം കുറഞ്ഞ നായികമാർക്കൊപ്പം അഭിനയിക്കുന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ് നടൻ മാധവൻ. പ്രായം കുറഞ്ഞ നായികമാർക്കൊപ്പം റൊമാൻസിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മാധവൻ. ഇനി അങ്ങോട്ട് പ്രായത്തിന് അനുസരിച്ചുള്ള റോളുകൾ മാത്രമേ ചെയ്യൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
പ്രായത്തിന് ചേരുന്ന വിധം തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ പ്രണയരംഗങ്ങൾ അഭിനയിക്കും. വാർത്ത ഏജൻസിയായ പി ടി ഐയോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ താൻ മനസിലാക്കിയ കാര്യം സിനിമാ വ്യവസായത്തെക്കുറിച്ച് ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ലെന്നാണ്. ‘എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ഇതുവരെ പിന്തുടർന്നത്. എനിക്ക് ഒരു നടനാകാൻ ആഗ്രഹമില്ലായിരുന്നു. എന്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോലും സിനിമയിൽ ഉണ്ടായിരുന്നില്ല. എനിക്ക് ആരെയും അറിയില്ലായിരുന്നു. പക്ഷേ, ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. ഞാൻ എന്തെങ്കിലും ശരിയായി ചെയ്തിരിക്കണം’ – അദ്ദേഹം പറഞ്ഞു.
‘റോക്കട്രി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രമാണ് മാധവന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് റോക്കട്രി. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’. ജൂലൈ ഒന്നിന് ചിത്രം പുറത്തിറങ്ങും.