നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന്റെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടിയും ജഗദീഷും അടക്കം പങ്കെടുത്ത ഒരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഭിമുഖങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളുടെ നിലവാരം ചര്‍ച്ചയായിരുന്നു. റോഷാക്ക് ടീം പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ ഇത് സംബന്ധിച്ച് ചോദ്യം ഉയരുകയും അതിന് നടന് ജഗദീഷ് നല്കിയ മറുപടിയും മമ്മൂട്ടി അത് ഏറ്റ് പിടിച്ചതുമാണ് അഭിമുഖത്തിന്റെ ഹൈലൈറ്റ്.
അഭിമുഖങ്ങളുടെ നിലവാരം കുറയുന്നുവെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും അതേപ്പറ്റി അവതാരകന് എന്ന നിലയില്‍ ജഗദീഷിന്റെ അഭിപ്രായം എന്താണെന്നുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതിനുള്ള മറുപടിയായി ഒരാളുടെ ഭാഗത്താണ് ശരി മറ്റൊരാളുടെ ഭാഗത്താണ് തെറ്റ് എന്ന് ചിന്തിക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറഞ്ഞു. ഇതിനിടയില്‍ കയറി സംസാരിച്ച മമ്മൂട്ടി ചോദ്യം ചോദിച്ച ആള് തെറ്റിന്റേയും ശരിയുടേയും കാര്യം പറഞ്ഞില്ലെന്ന് പറഞ്ഞു. ജഗദീഷ് ചോദിക്കാത്ത ചോദ്യത്തിനാണ് ഉത്തരം പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു. ഇതിനിടെ അഭിമുഖത്തില്‍ ചോദ്യങ്ങളുടെ നിലവാരം നന്നായിരിക്കണമെന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ മമ്മൂട്ടി പൊട്ടിച്ചിരിച്ചു. നല്ല ചോദ്യങ്ങള്‍ ചോദിച്ചാല്‍ നല്ല ഉത്തരങ്ങള്‍ കിട്ടുമെന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ എങ്കില്‍ രണ്ട് നല്ല ചോദ്യങ്ങള്‍ ചോദിക്കൂ എന്നും മമ്മൂട്ടി പറഞ്ഞു. ഇത് എല്ലാവരിലും ചിരി പടര്‍ത്തി.
‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. നാളെയാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രശാന്ത് നാരായണന്, ചമയം -റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, പിആര്‍ഒ -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.