സിനിമ ട്രെയിലര്‍ ലോഞ്ചിനിടെ സംവിധായകന് ജൂഡ് ആന്റണിക്കെതിരായ ശാരീരാകാധിക്ഷേപ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് മമ്മൂച്ചി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ഖേദം അറിയിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഭാവിയില്‍ ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും മമ്മൂട്ടി പറഞ്ഞു. ശാരീരാകാധിക്ഷേപ പ്രയോഗം ഓര്‍മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും മമ്മൂട്ടി കുറിപ്പിലൂടെ അറിയിച്ചു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന് ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി.’
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. ട്രെയിലര്‍ കണ്ടതിന് ശേഷം ‘ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളൂ, തലയില്‍ നിറയേ ബുദ്ധിയാണെന്നായിരുന്നു’ മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടി നടത്തിയത് ശാരീകാധിക്ഷേപ പ്രയോഗമാണെന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.