മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍നീരദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് തീയറ്ററുകളില്‍ എത്തുന്നത്. നാദിയ മൊയ്ദു, ലെന, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളെക്കുറിച്ച് മമ്മൂട്ടി പറയുന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. വിരല്‍ അറ്റ് പോകുന്ന തരത്തിലുള്ള അപകടം നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറയുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ മരക്കഷ്ണം കൊണ്ട് തന്റെ വലതു കൈയ്ക്ക് അടിയേല്‍ക്കുന്നുണ്ട്. ആ മരക്കഷ്ണത്തിന് മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ തന്റെ വിരല്‍ അറ്റ് പോകുമായിരുന്നു. മൂര്‍ച്ച ഇല്ലായിരുന്നത് കൊണ്ട് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അമല്‍നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സുഷിന് ശ്യാമാണ് സംഗീതം.