മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടിനെതിരായ ഡീഗ്രേഡിംഗില്‍ പ്രതികരിച്ച് നടന് മമ്മൂട്ടി. അത് നല്ല പ്രവണതയൊന്നുമല്ലെന്ന് മമ്മൂട്ടി പറഞ്ഞു. നല്ല സിനിമകളും മോശം സിനിമകളുമുണ്ട്. എന്നാല്‍ മനഃപൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയായ പ്രവണതയല്ല. അതിനോട് യോജിക്കാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ് മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരി പതിനെട്ടിനായിരുന്നു ആറാട്ട് തീയറ്ററുകളിലെത്തിയത്. ഇതിന് പിന്നാലെയാണ് സിനിമയ്ക്കെതിരെ മോശം പ്രചാരണങ്ങള്‍ നടന്നത്. സിനിമയ്ക്കെതിരെ മനഃപൂര്‍വം ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകന് ബി ഉണ്ണികൃഷ്ണന് രംഗത്തെത്തി. ആറാട്ടിനെതിരെ വ്യാജപ്രചാരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെ മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ മലയാള സിനിമയിലെ ഡീഗ്രേഡിംഗ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തീയറ്ററുകളിലെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് തീരുമാനിച്ചിരുന്നു. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.