മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഡോ. ബാബാസാഹെബ് അംബേദ്കർ. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ അംബേദ്കർ ആയാണ് മമ്മൂട്ടി എത്തിയത്. ആ കഥാപാത്രമാകാൻ വേണ്ടി താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് മമ്മൂട്ടി ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് ആ പടം പുറത്തിറങ്ങിയതെന്നും ആ സമയത്ത് മണിക്കൂറിന് 600 രൂപ നിരക്കിൽ ഇംഗ്ലീഷ് പഠിക്കാൻ പോയ കഥയും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
അംബേദ്കർ സിനിമ 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് പുറത്തിറങ്ങിയത്. ഇവിടെ ഒരു സിനിമ ചെയ്യാൻ നമുക്ക് 30 ദിവസം മതിയെന്നും മമ്മൂട്ടി പറയുന്നുണ്ട്. ’30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് ആ പടം പുറത്തിറങ്ങിയത് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കര്‍ ആ പരുവമെങ്കിലും ആയത്. ഇവിടെ ഒരു സിനിമ ചെയ്യാന്‍ നമുക്ക് 30 ദിവസം മതി. മദ്രാസില്‍ ആയിരുന്നു അന്ന് ഞങ്ങള്‍ താമസം. അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശബളം കൊടുത്ത് ഞാന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോയി. മൂന്നു മണി മുതല്‍ നാലു മണിവരെ അവര്‍ സമയം തരും. ഞാന്‍ പേടിച്ചിട്ട് മൂന്നര മണിക്ക് ചെല്ലും മൂന്നേമുക്കാല്‍ ആവുമ്പോ തിരിച്ചു പോരും.” – മമ്മൂട്ടി അക്കാലം ഓർത്തെടുത്തു.
എന്നാൽ, ടീച്ചർ പറയുന്ന പ്രൊനൺസിയേഷൻ ഒന്നും തനിക്ക് വരില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. ആ കാലത്ത് താന്‍ ഇംഗ്ലീഷ് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോയെന്നും ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ ഇപ്പോൾ അതൊക്കെ പോയെന്നും ടച്ച് വിട്ടുപോയെന്നുമാണ് വീഡിയോയിൽ മമ്മൂട്ടി പറയുന്നത്.