അഭിമുഖമാകട്ടെ, പ്രസ് മീറ്റ് ആകട്ടെ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്നത് മമ്മൂട്ടിയോ ദുൽഖറോ ആണെങ്കിൽ ഒരു ചോദ്യം ഉറപ്പാണ്. അത് മറ്റൊന്നുമല്ല, ഇരുവരും ഒരുമിച്ചുള്ള സിനിമ എപ്പോൾ സംഭവിക്കും എന്നതാണ് അത്. ഇത്തവണ റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രം റോഷാക്കിന്റെ പ്രമോഷൻ പരിപാടിക്കിടെ മമ്മൂട്ടി ആയിരുന്നു ഇത്തരത്തിൽ ഒരു ചോദ്യം നേരിട്ടത്. ദുൽഖറും മമ്മൂട്ടിയും ഒരുമിച്ചുള്ള സിനിമ എപ്പോൾ സംഭവിക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇരുവരും ഒരുമിച്ചുള്ള സിനിമ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ അതിലേക്ക് എത്തുന്നില്ലെന്നും ആയിരുന്നു മാധ്യമപ്രവർത്തകൻ പറഞ്ഞത്.
അതിന് വളരെ രസകരമായ രീതിയിൽ ആയിരുന്നു മമ്മൂട്ടിയുടെ മറുപടി. ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്നവുമില്ല. നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി. രണ്ട് നടന്മാരായിട്ട് കാണൂ. അതല്ലേ നല്ലത്. സമയം കിടക്കുവല്ലേ – എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതിനിടയിൽ അച്ഛനും ചേട്ടനുമായിട്ട് ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ലെന്നും അനിയനും ചേട്ടനുമായി ആലോചിക്കാമെന്നും ഒപ്പമുണ്ടായിരുന്ന ജഗദീഷ് പറഞ്ഞത് ചിരി പടർത്തി.
ദുൽഖറിനെ നായകനാക്കി അമൽ നീരദിന്റെ സംവിധാനത്തിൽ ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് ആയിരുന്നു ചോദ്യം. അമൽ നീരദ് അങ്ങനെ പറഞ്ഞോയെന്ന് ആയിരുന്നു ഈ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി. വാർത്തകൾ വരട്ടെ, വന്നാൽ സത്യം വന്നില്ലെങ്കിൽ നുണയാണെന്നും മമ്മൂട്ടി പറഞ്ഞു.അവതാരകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിൽ മമ്മൂട്ടി പ്രതികരിച്ചു. ആരുടെയും തൊഴിൽ നിഷേധിക്കരുതെന്നും എന്തിനാണ് അന്നം മുട്ടിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു.