ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കാനുള്ള നിരന്തരമായ പരിശ്രമങ്ങൾക്കിടെ തന്റെ പ്രായം പോലും മറന്നുപോകുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും അതിന് ഉത്തമ ഉദാഹരണങ്ങളുമാണ്. ജയറാം നായകനായി എത്തിയ അബ്രാഹം ഓസ് ലെർ എന്ന ചിത്രത്തിൽ അലക്സാണ്ടർ എന്ന കഥാപാത്രമായി എത്തിയത് അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ്. ഓസ് ലെർ വൻ ഹിറ്റായതിന് പിന്നാലെ വ്യത്യസ്തമായ കഥാപാത്രങ്ങളോടുള്ള തന്റെ ആർത്തിയാണ് ഇത്തരം കഥാപാത്രങ്ങളിലേക്ക് തന്നെ എത്തിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി.
ഒരു കഥാപാത്രം ചെയ്തേക്കാം എന്ന് പറഞ്ഞ് ഒന്നും ചെയ്യില്ലെന്നും ചെയ്യണം എന്ന് കരുതി ചെയ്യുന്നതാണെന്നും മമ്മൂട്ടി വ്യക്തമാക്കി. അങ്ങനെയാണ് എല്ലാ സിനിമയും ചെയ്യാറ്. ചില സമയത്ത് ആ തീരുമാനങ്ങൾ ശരിയാകില്ല എന്നെ ഉള്ളൂ. ഓസ്ലറിലേക്ക് എത്തിച്ചതും കഥാപത്രം തന്നെയാണ്. കഥയുടെ ഔട്ട്ലൈൻ പറഞ്ഞപ്പോൾ, ഈ കഥാപാത്രം അഭിനയിച്ചാൽ എങ്ങനെയാകും എന്ന് ഓർത്തു. കുറേകഴിഞ്ഞാണ് തീരുമാനം ഉണ്ടായതെന്നും ഡെവിൾസ് ഓൾട്ടർനെറ്റീവ് എന്ന ഡയലോഗൊക്കെ ആസ്വദിച്ച് പറഞ്ഞവയാണെന്നും മമ്മൂട്ടി പറയുന്നു. ഓസ് ലെറിലെ ആ കഥാപാത്രം മമ്മൂക്ക ചെയ്യുമെന്ന് മിഥുൻ വന്ന് പറഞ്ഞപ്പോൾ തനിക്ക് വിശ്വസിക്കാൻ പറ്റിയില്ലെന്ന് ജയറാം പറഞ്ഞിരുന്നു. അബ്രഹാം ഓസ്ലർ എന്ന ടൈറ്റിൽ കഥാപാത്രം ചെയ്യുന്നത് താനാണ്. ആ സിനിമയിൽ മമ്മൂക്ക അഭിനയിക്കാൻ കാണിച്ച മനസൊന്ന് വേറെയാണ്. ആ കഥാപാത്രം ചെയ്യാൻ സമ്മതിച്ചത് തനിക്ക് വേണ്ടിയാണെന്നും ജയറാം പറഞ്ഞിരുന്നു.
നാൽപത്തി രണ്ട് വർഷമായി താൻ സിനിമയിലുണ്ടെന്നും ഇതൊരു ഭാരമായിരുന്നുവെങ്കിൽ എവിടെയെങ്കിലും ഇറക്കിവയ്ക്കില്ലായിരുന്നോ എന്നും മമ്മൂട്ടി ചോദിച്ചു. തനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല. കാതൽ പോലുള്ള സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് പേരൻപ് എന്ന സിനിമയിലെ അവസാന രംഗത്ത് വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന് നിങ്ങൾ ഓർത്ത് നോക്കിയിട്ടുണ്ടോയെന്നും മമ്മൂട്ടി ചോദിച്ചു. കാതലിന് മുൻപത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. താൻ നടനാകാൻ ആഗ്രഹിച്ച ആളാണെന്നും ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണെന്നും ഇതുവരെ പൂർത്തിയായിട്ടില്ലന്നെ ഉള്ളൂവെന്നും മമ്മൂട്ടി വ്യക്തമാക്കി.