മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി ചിത്രം 9.7 കോടി രൂപ കളക്ട് ചെയ്തു. ചിത്രം മികച്ച പ്രതികരണം നേടുമ്പോള്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
റോഷാക്കിന്റെ തുടക്കത്തില്‍ ഒരു പാറപ്പുറത്തിരുന്ന് വെറുതെ അലസമായി ചിത്രം വരയ്ക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണാം. വെറുമൊരു ചിത്രം വരയല്ല അതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ റിവഞ്ച് സ്റ്റോറിക്കുള്ള മാസ്റ്റര്‍ പ്ലാനും സ്കെച്ചുമാണ് ലൂക്ക് തയ്യാറാക്കിയിരുന്നതെന്നാണ് ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. ലൂക്കിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു വീടുണ്ട്. ആ വീടാണ് ലൂക്കിന്റെ വരകളില്‍ നിറഞ്ഞത്. ലൂക്കിന്റെ പ്ലാനിംഗും മൈന്‍ഡ് ഗെയിമും എത്രത്തോളം പെര്‍ഫെക്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആ സ്കെച്ചുകള്‍.
ഒക്ടോബര്‍ ഏഴിനായിരുന്നു റോഷാക്ക് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ദിവസം തന്നെ തീയറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ റോഷാക്കിന് സാധിച്ചു. പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ ഉയര്‍ന്ന ആകാംക്ഷ ചിത്രം തീയറ്ററില്‍ എത്തിയ ആദ്യ ദിവസവും പ്രതിഫലിച്ചു. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്, ഗ്രേസ് ആന്റണി സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.