നടൻ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രം ടർബോയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. 100 ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മമ്മൂട്ടി ലൊക്കേഷനിൽ ജോയിൻ ചെയ്യും. തമിഴ് നടൻ അർജുൻ ദാസിന്റെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ടർബോ. കൈതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനാണ് അർജുൻ ദാസ്.
പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അഞ്ജന ജയപ്രകാശാണ് ചിത്രത്തിൽ നായികായി എത്തുന്നത്. നിരഞ്ജന അനൂപും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.
പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ടർബോ. കോയമ്പത്തൂർ കൂടാതെ കൊച്ചി, ദുബായ് എന്നിവിടങ്ങളാണ് ടർബോയുടെ മറ്റ് ലൊക്കേഷനുകൾ. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ രചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. വിഷ്ണു ശർമ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. 2021ല് സ്ഥാപിതമായ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി റോഷാക്, നന്പകല് നേരത്ത് മയക്കം, കണ്ണൂര് സ്ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല് എന്നീ ചിത്രങ്ങളാണ് ഇതുവരെ നിർമിച്ചത്. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമിക്കുന്ന ചിത്രമാണ് ടർബോ.