മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ മികച്ച കളക്ഷന്‍ നേടിക്കഴിഞ്ഞു. അതിനിടെ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനാണെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മൈക്കിളിന്റെ കോളജ് കാലഘട്ടം ചേട്ടനായ മത്തായി വിവരിക്കുമ്പോള്‍ ആ സീനില്‍ വരുന്നത് ദുല്ഖറാണെന്നായിരുന്നു ചിലര്‍ ഉന്നയിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ ചെറുപ്പകാലത്തിലെ സീനില്‍ വന്നത് ദുല്‍ഖറല്ല.ആ രംഗത്തില്‍ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി തന്നെയാണ്. അതേ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ ചിത്രം മൂന്ന് കോടിയിലധികം കളക്ട് ചെയ്തിരുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, ഫര്ഹാന് ഫാസില്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബിഗ് ബി പുറത്തിറങ്ങി 15വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു