മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യനടൻ മാമുക്കോയ അന്തരിച്ചു. 76 വയസ് ആയിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച മുതൽ ഇതേ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്, അവിടുന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം പിന്നീട് ജ്യേഷ്ഠന്റെ സംരക്ഷണയിൽ ആയിരുന്നു വളർന്നത്. പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാൾ ആയിരുന്നു മാമുക്കോയ.