സിനിമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചും ആ സുഹൃത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. അത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ ആണ്. മഞ്ജു ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ സൈഡിൽ പോയി നിൽക്കാറുണ്ടെന്നും അത് അവരുടെ മുഖത്ത് വരുന്ന എക്സ്പ്രഷനുകൾ കാണാനാണെന്നും പറയുകാണ് മണിയൻ പിള്ള രാജു.
മഞ്ജു വാര്യർ നായികയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയുടെ നിർമാതാവാണ് മണിയൻ പിള്ള രാജു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലേക്ക് വിളിക്കുമ്പോൾ മഞ്ജു വാര്യർ വിവാഹം കഴിക്കാൻ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. എന്നാൽ, തന്റെ സിനിമ ചെയ്തിട്ടേ വിവാഹം കഴിക്കൂ എന്ന് മഞ്ജു വാര്യർ പറഞ്ഞുവെന്നും കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ മണിയൻ പിള്ള രാജു പറഞ്ഞു.
സിനിമയിലെ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് മഞ്ജു വാര്യരെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. ‘ചിലരെ നമ്മൾ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജു ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ക്യാമറയുടെ സൈഡിൽ ചെന്ന് നോക്കും. മുഖത്ത് മിന്നി മായുന്ന എക്സ്പ്രഷൻ കാണാൻ. അതിഗംഭീര ആർട്ടിസ്റ്റാണ്. ആ ആരാധന ഒരു പ്രണയം പോലെയാണ്. അവരുടെ കഴിവിനെ ബഹുമാനിക്കുന്നു.’ – മണിയൻ പിള്ള രാജു പറഞ്ഞു. കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയ്ക്ക് വിളിക്കുമ്പോൾ വിവാഹം രഹസ്യമായി നടത്താനുള്ള പരിപാടിയിൽ ആയിരുന്നു. രാജു ചേട്ടന്റെ സിനിമ ചെയ്യാതെ അങ്ങനെ ഒരു പരിപാടിക്ക് ഇല്ലെന്ന് പറഞ്ഞു. ഇതിന്റെ ഷൂട്ട് കഴിഞ്ഞ അടുത്ത ദിവസമാണ് അവർ വിവാഹം കഴിക്കാൻ പോയത്. അന്നു മുതലുള്ള സൗഹൃദമാണ് മഞ്ജു വാര്യരുമായി ഉള്ളതെന്നും മണിയൻപിള്ള പറഞ്ഞു.