പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ നായകനാകുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മലൈക്കോട്ടെ വാലിബൻ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് ചെമ്പോത്ത് സൈമൺ എന്നായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
‘എന്റെ അടുത്ത പ്രോജക്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശകരവും കഴിവുറ്റതുമായ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നത്.’ – ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ കുറിച്ചു.
ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും ഈ ചിത്രമെന്നാണ് സൂചനകൾ. ചിത്രത്തിൽ മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആന്ദ്രപ്രദേശ് ആയിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ. ഷിബു ബേബി ജോൺ ആയിരിക്കും സിനിമയുടെ നിർമാണം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ റിലീസ് ആകാനിരിക്കുന്ന ചിത്രം.
I’m delighted to announce that my next project will be with one of the most exciting and immensely talented directors in Indian cinema – Lijo Jose Pellissery. The project will be produced by John and Mary Creative, Max Labs and Century Films.#LijoJosePellissery @shibu_babyjohn pic.twitter.com/d7XYnkYOzk
— Mohanlal (@Mohanlal) October 25, 2022