ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഗുസ്തി ചാമ്പ്യനായിരുന്ന ദ് ഗ്രേറ്റ് ഗാമയെ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശസ്തമാക്കിയ ഫയല്‍വാനാണ് ദ് ഗ്രേറ്റ് ഗാമ. ഏകദേശം അന്‍പത് വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി അദ്ദേഹം ഗോദ ഭരിച്ചു. ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുമെന്നുള്ള വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന് പറയുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത് മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.