നടന് മണികണ്ഠന്റെ മകന് ഇസൈ മണികണ്ഠന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ മണികണ്ഠനെ ചേര്‍ത്തുപിടിച്ചാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. വലുതാകുമ്പോള്‍ താന്‍ ആരാണെന്ന് അച്ഛനോട് ചോദിച്ചാല്‍ മതിയെന്നും മോഹന്‍ലാല്‍ വിഡിയോയില്‍ പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ നിന്നാണ് മോഹന്‍ലാലിന്റെ ബെര്‍ത്ത് ഡേ വിഷസ്. മകന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരിക്കുമിതെന്ന് മണികണ്ഠനും പറഞ്ഞു.
വന്‍ ബജറ്റിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ മണികണ്ഠനും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഗുസ്തി ചാമ്പ്യനായിരുന്ന ദ് ഗ്രേറ്റ് ഗാമയെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന് പറയുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.