മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബറോസ് എത്തുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഇപ്പോഴിതാ ലൊക്കെഷനില്‍ നിന്നുള്ള ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നടപ്പിലും എടുപ്പിലും പൂര്‍ണതയുള്ള ഒരു സംവിധായകനെ മോഹന്‍ലാലില്‍ കാണാം.
ചിത്രത്തില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പുകളാണ് ഉള്ളത്. തലമൊട്ടയടിച്ചും മോഹന്‍ലാല്‍ എത്തുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പീരിയോഡിക് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നില്‍ എത്തുന്നതാണ് സിനിമയുടെ പ്രമേയം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകരെ ത്രസിപ്പിച്ച മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.