നടൻ ഇന്നസെന്റിന്റെ വേർപാടിൽ വേദനയോടെ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത് തന്നെ ‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് എന്ന വാചകത്തിലാണ്. പോയില്ല എന്ന വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്നും താരം കുറിച്ചു.
‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…’ – മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു.
ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം ചൊവ്വാഴ്ച ആയിരിക്കും സംസ്കാരം.