ജോലി സംബന്ധമായ തിരക്കുകളുമായി ദുബായിൽ ആണെങ്കിലും വർക് ഔട്ട് മുടക്കാതെ നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വർക്ക് ഔട്ടിന്റെ വീഡിയോ മോഹൻലാൽ പങ്കുവെയ്ക്കുകയും ചെയ്തു. ‘റിഷഭ’ (ഋഷഭ) എന്ന ചിത്രത്തിന്റെ ചർച്ചകളുമായി ബന്ധപ്പെട്ടി നിലവിൽ ദുബായിലാണ് മോഹൻലാൽ, എന്നാൽ, തന്റെ വർക് ഔട്ടും മറ്റ് കാര്യങ്ങളും മുടക്കാൻ അദ്ദേഹം തയ്യാറല്ല. ദുബായിലെ ജിമ്മിൽ ട്രയിനറോടൊപ്പം വർക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് മോഹൻലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. ഈ വീഡിയോ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ റിയാക്ഷനുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സും.
ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന ഇമോഷണൽ ഡ്രാമയാണ് ‘റിഷഭ’ എന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്നും മോഹൻലാൽ വ്യക്തമാക്കി. നന്ദകുമാർ ആണ് ‘റിഷഭ’ സംവിധാനം ചെയ്യുന്നത്. അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അച്ഛൻ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പ്രശസ്തനായ തെലുഗു യുവതാരത്തെയാണ് മോഹൻലാലിന്റെ മകൻ വേഷം ചെയ്യാനായി പരിഗണിക്കുന്നത്. താമസിയാതെ തന്നെ ആ വേഷത്തിലേക്ക് ആരാണ് എത്തുകയെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തും. ഇപ്പോൾ തനിക്ക് ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ വരുന്നുണ്ട് എന്നതാണ് സത്യമെന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ താനൊരു വ്യത്യസ്തമായ കഥയ്ക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. റിഷഭ ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഒരു ഇതിഹാസമായിരിക്കും റിഷഭയെന്നും മോഹൻലാൽ വ്യക്തമാക്കി.
മലയാളത്തിലും തെലുങ്കിലും ചിത്രീകരിച്ച് പ്രധാന ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തായിരിക്കും ചിത്രം എത്തുക. അടുത്ത വർഷം മേയിൽ ചിത്രീകരണം ആരംഭിച്ച് 2024 ആദ്യം ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ചിത്രത്തിന്റെ കാതലായ അംശം എന്ന് പറയുന്നത് ഇമോഷൻസ് ആണെന്നും മോഹൻലാൽ വ്യക്തമാക്കി. ദുബായിൽ ആശിർവാദ് ഫിലിംസ് പുതിയതായി ഓഫീസ് തുടങ്ങുകയാണെന്നും മോഹൻലാൽ അറിയിച്ചു. ഡിസ്ട്രിബ്യൂഷൻ, പ്രൊഡക്ഷൻ, ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആയിരിക്കും ദുബായിൽ ആശിർവാദിന്റെ പ്രവർത്തനമെന്നും മോഹൻലാൽ വ്യക്തമാക്കി. ദുബായിൽ ഓഫീസ് ആരംഭിച്ചു കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ചൈന ആണെന്നും മോഹൻലാൽ പറഞ്ഞു.
View this post on Instagram