സിനിമാപ്രേമികളും ആരാധകരും വളരെ ആകാംക്ഷയോേടെ കാത്തിരിക്കുന്ന ചിത്രമാണ് മാലൈക്കോട്ടെ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് മാലൈക്കോട്ടൈ വാലിബനെ പ്രേക്ഷകർക്കിടയിൽ ഇത്ര പ്രതീക്ഷയുള്ള സിനിമയാക്കി മാറ്റുന്നത്. മോഹൻലാലിന്റെ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ആണ്. നേരിന്റെ പ്രമോഷനായി എത്തിയ മോഹൻലാലിനോട് മാധ്യമപ്രർവർത്തകർ ചോദിച്ചത് വാലിബനെക്കുറിച്ച് ആയിരുന്നു.
മോഹൻലാൽ നായകനായി എത്തുന്ന മാലൈക്കോട്ടെ വാലിബൻ തിയറ്ററിൽ എത്തുമ്പോൾ തീ പാറുമോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഉയർന്ന ഒരു ചോദ്യം. ആദ്യം നേര് കഴിയട്ടെ എന്നായികുന്നു ഇതിന് മോഹൻലാൽ കൊടുത്ത മറുപടി. എന്നാൽ, അത് വ്യത്യസ്തമായ ഒരു സിനിമ ആയിക്കുമെന്നും നിങ്ങൾക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കിൽ അതിനാണ് പ്രതീക്ഷ എന്ന് പറയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമ കണ്ടിട്ടേ അത് പറയാൻ കഴിയുകയുള്ളൂ എന്നും മോഹൻലാൽ വ്യക്തമാക്കി. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുകയാണെന്നും കൂടെയുള്ളവര്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാൻ വിചാരിച്ചതു പോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത് എന്നാൽ എന്താണ് വിചാരിച്ചതെന്ന് അറിയാനുമാകില്ലെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണെന്നും അതുകൊണ്ട് തീ പാറട്ടെയെ മോഹൻലാൽ പറഞ്ഞു.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത നേരിന്റെ ട്രയിലർ രണ്ട് മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ കണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കോർട്ട് റൂം വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.