പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ചെത്തിയ മോണ്‍സ്റ്ററിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. പുലിമുരുകന് പ്രതീക്ഷിച്ചെത്തരുതെന്ന് വൈശാഖ് പറഞ്ഞെങ്കിലും പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും വാനോളം പ്രതീക്ഷിച്ചു. ആ പ്രതീക്ഷയെ ഒട്ടും പുറകോട്ടടിക്കാതെയായിരുന്നു മോണ്‍സ്റ്ററിന്റെ ആദ്യ ദിനം. ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തീര്‍ത്തും വ്യസ്തവും പുതുമയും നിറഞ്ഞ പ്രമേയമാണ് മോണ്‍സ്റ്ററിന്റേത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. താരതമ്യം ചെയ്യാനോ ഒത്തുനോക്കാനോ പോലും ഇതുപോലൊരു സിനിമ മലയാളച്ചില് മുമ്പുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. മോഹന്‍ലാലിന്റെ ലക്കി സിംഗ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്ളാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്ന് ലക്കി സിംഗ് വരുന്നതും അതിന് ശേഷമുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഹണി റോസ് അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഹണി റോസ് ജീവിക്കുകയായിരുന്നു. ലക്ഷ്മി മാഞ്ചുവിന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. മുഖത്ത് പ്രകടമാകുന്ന ചെറിയ ചലനങ്ങളില്‍ പോലും ഭാവം കൊണ്ടുവരാന്‍ ലക്ഷ്മി ശ്രമിച്ചിട്ടുണ്ട്. സിദ്ദിഖ്, ഗണേഷ് കുമാര്‍, സുദേവ് നായര്‍, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാശ്, ഇടവേള ബാബു, സാധിക, വേണുഗോപാല്‍, അഞ്ജലി നായര്‍ എന്നിവരും മികച്ചു നിന്നു. ചിത്രത്തില്‍ കുഞ്ഞാറ്റയായി എത്തിയ ജെസ് സ്വീജനും മികവുറ്റ പ്രകടനം കാഴ്ചവച്ചു.
തുടക്കം മുതല്‍ അവസാനം വരെ നിഗൂഢമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രത്യേകം സ്പൂണ്‍ഫീഡ് ചെയ്തുള്ള കഥപറച്ചില്‍ അല്ലാതെ സിനിമ പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിക്കുന്നുണ്ട്. ഉദയ കൃഷ്ണയുടെ സ്ക്രിപ്റ്റും എടുത്തു പറയണം.
ദീപക് ദേവിന്റെ സംഗീതവും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. സതീഷ് കുറിപ്പിന്റെ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും സ്റ്റണ്ട് സില്‍വയുടെ സംഘട്ടനവും ചിത്രത്തെ കൂടുതല്‍ ആസ്വാദന തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.