വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അച്ഛനായ സന്തോഷം നടന് നരേന് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് താരം. ഓംങ്കാര്‍ നരേന് എന്നാണ് കുഞ്ഞിനിട്ടിരിക്കുന്ന പേര്. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും ചേച്ചിയുടെ കൈയിലുള്ള കുഞ്ഞനുജന്റെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയത്.
പതിനഞ്ചാം വിവാഹവാര്ഷികത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള് കൂടി വരികയാണെന്ന സന്തോഷ വാര്‍ത്ത നരേന് പങ്കുവച്ചത്. നവംബറിലായിരുന്നു കുഞ്ഞ് ജനിച്ചത്. പതിനാല് വയസുകാരി തന്മയയാണ് ഇവരുടെ മൂത്ത മകള്‍. 2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം.
2002ല്‍ പുറത്തിറങ്ങിയ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് നരേന് അഭിനയ രംഗത്ത് എത്തിയത്. തുടര്‍ന്ന് ഫോര്‍ ദി പീപ്പിള്‍, യുവസേന, അച്ചുവിന്റെ അമ്മ, അന്നൊരിക്കല്‍, ശീലാബതി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിച്ചു. ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തനിഴിലും ചുവടുവച്ചു. ക്ലാസ്മേറ്റില്‍ നരേന് അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തമിഴ് സിനിമയിലേക്ക് താരം ചുവടുമാറ്റി. അടുത്തിടെ ഇറങ്ങിയ കമല്ഹാസന് ചിത്രം വിക്രത്തില്‍ നരേന് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.